
ഇരിപ്പുണ്ടായിരുന്നു. വണ്ടി വരുന്നതും കാത്ത് അൽപസമയം കിടന്നുറങ്ങി. അങ്ങനെ രാവിലെ 1.30ന് മലബാർ എക്സ്പ്രസ്സിൽ ഞങ്ങൾ യാത്ര പുറപ്പെട്ടു. കേരള കലാമണ്ഡലവും ഭാരതപ്പുഴയും തൂതപ്പുഴയും കല്ലായിക്കടവും പിന്നിട്ട് 275 കി.മീ. താണ്ടി ഒടുവിൽ ഞങ്ങൾ ബേക്കൽ കോട്ട റയിൽവേ സ്റ്റേഷനിൽ എത്തി. (സംഗതി ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ അവർക്കറിയില്ല അവിടെ അങ്ങനെ ഒരു സ്റ്റേഷൻ ഉണ്ടോയെന്ന്. അങ്ങനെ ഒരെണ്ണം ഉണ്ടെന്നും അവിടെ ഈ ട്രെയിൻ നിർത്തും എന്ന് അറിയാവുന്നതുകൊണ്ടും പിന്നെ തർക്കിക്കാൻ നിന്നില്ല. കാഞ്ഞങ്ങാട് വരെയുള്ള ടിക്കറ്റ് ആണ് എടുത്തത്. അത് കഴിഞ്ഞുള്ള സ്റ്റോപ്പ് ആണ് ബേക്കൽ കോട്ട. അവിടുന്ന് വെറും 14 കി.മീ. മാത്രം. പിന്നെ ഇടയ്ക്ക് നമ്മുടെ വണ്ടി ഒന്ന് പണിമുടക്കി. തൊട്ടടുത്ത് വന്ന തിരു-മംഗലാപുരം എക്സ്പ്രസ്സിനും അവിടെ സ്റ്റോപ്പ് ഉള്ളതിനാൽ അതിൽ ചാടിക്കയറി.) ദൂരെ നിന്നേ കാണാമായിരുന്നു കടലിൻ തിരയടികളും ഏറ്റു വാങ്ങി നിൽക്കുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ട.സ്റ്റേഷനിൽ നിന്ന് എകദേശം 1.5 കി.മീ. നടക്കണം കോട്ട വരെ. വഴിക്ക് ഒരു ഭക്ഷണശാലയിൽ നിന്നും പല്ലും തേച്ച് പ്രാതലും കഴിച്ച് ഐശ്വര്യമായി അവിടുത്തെ ഒരു ഗ്ലാസും പൊട്ടിച്ച് ഞങ്ങൾ നടത്തം തുടർന്നു.
ബേക്കൽ കോട്ട, ചെങ്കല്ലിൽ പണി കഴിപ്പിച്ച ഒരു അത്ഭുത സൃഷ്ടി. കാസർഗോട് ജില്ലയിൽ അറബിക്കടലിന്റെ തീരത്ത് 35 ഏക്കറോളം പരന്നു കിടക്കുന്നു. പഴയ മുഖമെല്ലാം മാറി ഇന്ന് മനോഹരമായി നവീകരിച്ചിരിക്കുന്നു. മികച്ച നടപ്പാത, ഉദ്യാനസമാനമായ അന്തരീക്ഷം തുടങ്ങിയവ കോട്ടയുടെ മുഖം തന്നെ മിനുക്കി. മറ്റു മിക്ക കോട്ടകളെയും പോലെ തന്നെ ഇവിടെയും ഉണ്ട് കൊത്തളങ്ങളും നിരീക്ഷണ ഗോപുരങ്ങളും തുരങ്കങ്ങളും എല്ലാം. അവയിൽ ഏറ്റവും പ്രത്യേകത കോട്ടയുടെ മദ്ധ്യഭാഗത്തുള്ള ഉയരമേറിയ ഒരു നിരീക്ഷണ ഗോപുരം ആണ്. അതിനു മുകളിൽ നിന്നാൽ കോട്ടയുടെ ബഹുഭൂരിഭാഗവും കാണാം.
ഈ കോട്ടയുടെ നിർമാണത്തെ സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉണ്ട്. ബഡ്നൂർ നായ്ക്കന്മാരിലെ ശിവപ്പ നായ്ക്ക് പതിനേഴാം നൂറ്റാണ്ടിന്റെ മധ്യതിൽ പണികഴിപ്പിച്ചതാണെന്ന് ഒരു വിഭാഗം ചരിത്രകാരന്മാരും മുൻപുണ്ടായിരുന്ന കോട്ട ശിവപ്പ നായ്ക് പുതുക്കിപ്പണിതതാണെന്ന് മറ്റൊരു വിഭാഗവും പറയുന്നു.പതിനെട്ടാം നൂറ്റാണ്ടിൽ ഹൈദരലിയുടെ അധീനതയിലായി ഈ കോട്ട. പിന്നീട് ടിപ്പുവിൽ നിന്നും ബ്രിട്ടീഷുകാർ ഈ കോട്ട കൈയ്യടക്കി.
പാലക്കാട് കോട്ട പോലെ തന്നെ ഇവിടെയും കോട്ടയിലേക്കുള്ള പ്രവേശന കവാടത്തിൽ ഒരു ഹനുമാൻ ക്ഷേത്രം ഉണ്ട്. അതും പിന്നിട്ട് ചെന്നെത്തുന്നത് ടിക്കറ്റ് കൗണ്ടറിൽ ആണ്. കാമറയ്ക്ക് ഉൾപ്പടെ ടിക്കറ്റ് എടുത്ത് ഞങ്ങൾ അകത്തേയ്ക്ക് നീങ്ങി. അതെ, ശരിക്കും ഇതൊരു അത്ഭുത സൃഷ്ടി തന്നെ.

കോട്ടയുടെ നടപ്പാതയിലൂടെ നടക്കുമ്പോൾ നമ്മൾ ചരിത്രത്തോടൊപ്പം നടക്കുന്നതായി തോന്നാം. പണ്ടായിരുന്നേൽ തോന്നിയേനെ എന്നു പറയുന്നതാകും ശരി. കാരണം ഇന്ന് മോടി കൂട്ടി കോട്ട ഒന്ന് പുതുക്കിയപ്പോൾ ഒരു ഉദ്യാനത്തിലെത്തിയ പ്രതീതി ആണ് അനുഭവപ്പെടുക. കോട്ടയുടെ മതിലിൽ കയറി നിന്ന് നോക്കിയാൽ അകലെ ബേക്കൽ കടപ്പുറത്ത് അടുക്കിയ മത്സ്യബന്ധന നൗകകളും വഞ്ചികളും കാണാം. താഴെ കൂറ്റൻ പാറകളും അവയിൽ തട്ടി ചിന്നിച്ചിതറുന്ന തിരമാലകളും. കോട്ട ഏകദേശം ചുറ്റി വരുമ്പോഴേക്കും താഴെ കടലിലൊട്ടും കോട്ടയുടെ ചുട്ടുവട്ടത്തേക്കുമുള്ള ചെറിയൊരു കവാടം കാണാം.
ആ വഴിയും മിനുക്കിയിട്ടുണ്ട്. അങ്ങ് താഴെ കടലിനോട് ചേർന്ന് മറ്റൊരു നിരീക്ഷണ കേന്ദ്രവും ഉണ്ട്. അവിടെ നിന്ന് അപ്പുരത്തെ കടപ്പുറത്തോട്ടൊന്ന് നോക്കി. ഈ തീരത്താണ് പണ്ട് കൂട്ടുകാരുമൊത്ത് കുളിച്ചുകൊണ്ടിരുന്ന പാച്ചുവിനെ കടൽ കൊണ്ടുപോയത്. ആ ശരീരവും തിരഞ്ഞ് അവന്റെ വസ്ത്രങ്ങൾ നെഞ്ചോട് ചേർത്ത് നിന്ന് പൊട്ടിക്കരഞ്ഞ അവന്റെ മുത്തച്ഛനെ കണ്ട് നമ്മുടെ കണ്ണുകളും നിറഞ്ഞതാണ്. ഒടുവിൽ അവനുള്ള ബലിച്ചോറുമായി ആ മുത്തച്ഛൻ അവനോടൊപ്പം ഈ കടലിൽ ഇറങ്ങി പോയി. അതെ, പത്മരാജന്റെ 'മൂന്നാം പക്ക'ത്തിലെ ഈ രംഗങ്ങൾ എല്ലാം ചിത്രീകരിച്ചത് ഇവിടെ ആണ്. ഈ കോട്ട അതുപോലെ എത്രയോ ഗാനരംഗങ്ങൾക്ക് വേദിയായി. ഉയിരേ (ബോംബേ), ഓ സൈനബാ (അമൃതം) തുടങ്ങി എത്രയെത്ര ചലച്ചിത്ര-ആൽബം ഗാനങ്ങൾ.
താഴെ തന്നെ വശങ്ങളിൽ കൂറ്റൻ പാറകൾ ഉണ്ട്. അതിലിരുന്ന് ആളുകൾ മീൻ പിടിക്കുന്നു. ആ പാറകളിൽ തിരമാലക്കൾ വന്നടിക്കുന്നത് കാണാൻ അതന്നെ ഒരു പ്രത്യേക ചന്തം ഉണ്ട്. മടങ്ങാൻ നേരമായി. സമയം ഉച്ച കഴിഞ്ഞു. സത്യം പറഞ്ഞാൽ ഉച്ച സമയത്ത് നമ്മൾ ആ വഴിയെ പോകരുത്, പുഴുങ്ങി ചാകും. പട്ടിയ സമയം വൈകുന്നേരം ആണ്. പക്ഷെ നമ്മളെ പോലെ ദൂര ദിക്കുകളിൽ നിന്നു വരുന്നവർക്കും ഒരു ദിവസത്തെ യാത്രയ്ക്ക് വരുന്നവർക്കും പട്ടാപകൽ തന്നെ ആണ് പറ്റിയ സമയം. എങ്കിലും ബേക്കൽ കോട്ട ഒരു അനുഭവം തന്നെ ആണ്. ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലം.
ഇനി ലക്ഷ്യം തലശ്ശേരി. ഒരു പ്രത്യേക ലക്ഷ്യം കൂടി ഉണ്ട്. തലശ്ശേരി ബിരിയാണി, അതും പാരിസ് റെസ്റ്ററന്റിൽ നിന്നും. തലശ്ശേരിയും സന്ദർശിച്ച് ബിരിയാണിയും തിന്ന് വിനോദും ആയിഷയും ഒന്നിച്ച കടൽപ്പാലത്തിൽ സായാഹ്നവും ചിലവഴിച്ച് ഞങ്ങൾ തിരിച്ചു, മധുരമുള്ള ഓർമകളുമായി.
Comment Box is loading comments...
*/ -->
