
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ, മംഗലം ഡാം എന്ന കൊച്ചു പട്ടണത്തിൽ നിന്നും എകദേശം 20 കി.മീ. കിഴക്കു മാറിയാണ് പ്രകൃതിരമണീയമായ ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗിയാൽ മൂടപ്പെട്ടതാണ് ഈ വെള്ളച്ചാട്ടം.
അപ്രതീക്ഷിതമായിരുന്നു യാത്ര. ഒരു അവധി ദിവസം കോളേജിനു മുന്നിലെ അബൂക്കയുടെ ചായക്കടയിൽ ഒരു പരിപ്പുവടയും കടിച്ചുകൊണ്ട് അലസമായിരുന്ന് പത്രം വായിച്ചിരുന്ന ഭരതൻ പെട്ടന്ന് ചോദിച്ചു, "എങ്ങോട്ടെങ്കിലും പോയാലൊ?" എവിടെ പോകും? അവന്റെ കയ്യിൽ നിന്നും പത്രം വാങ്ങി വെറുതെ നോക്കി. ദാ മൂന്നാമത്തെ പേജിൽ തന്നെ മംഗലം ഡാം ഉദ്യാന നവീകരണത്തിന്റെ വാർത്ത. കൂട്ടത്തിൽ വെള്ളം നിറഞ്ഞൊഴുകുന്ന കടപ്പാറ വെള്ളച്ചാട്ടത്തിനെക്കുറിച്ചും. സമയം വൈകുന്നേരം 4 മണി. കൂടുതൽ ഒന്നും ആലോചിച്ചില്ല. ബൈക്ക് എടുത്തു, വിട്ടു.
മംഗലം ഡാമിൽ നിന്ന് ഇടത്തോട്ടുള്ള വഴി തിരിഞ്ഞ് യാത്ര തുടർന്നു. അവിടുന്നുള്ള യാത്ര പരമ സുഖം തന്നെ ആയിരുന്നു. ഡാമിനെ വലംവെച്ച് പല ഗ്രാമങ്ങളും ചെറു കവലകളും പിന്നിട്ട് ഞങ്ങൾ യാത്ര തുടർന്നു. പ്രകൃതിയുമായ് ഇണങ്ങിച്ചേർന്നുള്ള യാത്ര.
കുറച്ച് ദൂരം വരെ നല്ല റോഡ് ആയിരുന്നു. പിന്നെ അതിന്റെ ഭാവം മാറി. എങ്കിലും നല്ല രസം ആയിരുന്നു. അല്പം നീങ്ങിയപ്പോൾ വലതു വശത്തുകൂടി ഒഴുകുന്ന ഒരു ചെറു അരുവി കണ്ടു. വെള്ളച്ചാട്ടത്തിൽ നിന്നുള്ളതാണ്. ഇത് നേരെ ചെന്ന് ചേരുന്നത് മംഗലം ഡാമിൽ ആണ്.
വഴിയിൽ ഒരു ചെറിയ കടവ് കണ്ടു. ബൈക്ക് അരുവിയുടെ അടുത്ത് വരെ കൊണ്ടുപോകാം. നോക്കുമ്പോൾ അരുവിക്കടിയിൽ കൂടി ഒരു വഴി അക്കരയ്ക്ക്. സേതുബന്ധനം പോലെ. അത് കല്ലുകൾ അടുക്കിയാണ് നിർമിച്ചതെങ്കിൽ ഇത് കോൺക്രീറ്റ് ആണെന്നുള്ള വെത്യാസം മാത്രം. സംഗതി അതുവഴി കുറുകെ നടന്നാലും നമ്മുടെ കാൽ പാദം മാത്രമെ നനയു.
വീണ്ടും യാത്ര തുടർന്നു. ഒടുവിൽ കടപ്പാറ കവലയിൽ എത്തി. അവിടെ നിന്നും അല്പം കയറ്റം കയറി വണ്ടി നിർത്തി. ഇനി വണ്ടിയും കൊണ്ട് മുന്നോട്ട് പോകാനാവില്ല. വഴിയൊക്കെ തെന്നിത്തെറിച്ച് കിടക്കുകയാണ്.

അല്പം സാഹസിക തത്പരനായ ഞാൻ അരുവിക്ക് മേലെയുള്ള പാറകളിൽ ചാടി ചവിട്ടി ചവിട്ടി അതിവേഗം അരുവി കടന്നതു കണ്ട് അവർ ഉറക്കെ പറഞ്ഞു, സൂക്ഷിച്ച് സൂക്ഷിച്ച്. കാരണം താഴോട്ട് കുത്തനെ വെള്ളം ഒഴുകുകയാണ്. ഒപ്പം നല്ല തെന്നലും. അവനും പതിയെ അരുവി കടന്നെത്തി. അവരോട് സലാം പറഞ്ഞ് ഞങ്ങൾ നീങ്ങി. ഞാൻ ആ കുന്നിൻ മുകളിലേക്ക് ഓടിക്കയറി. ആ ഒരു കാഴ്ച, ഒരു വല്ലാത്ത അനുഭവം ആയിരുന്നു. അങ്ങ് ദൂരെ മെലിഞ്ഞ് നീണ്ട് പാൽക്കുടം തൂവും പോലെ മനോഹരമായൊരു വെള്ളച്ചാട്ടം. വഴി ദുർഘടം ആയിരുന്നെങ്കിലും ഞങ്ങൾ പൊത്തിപിടിച്ചും ഓടിയും ചാടിയും അതിനടുത്തെത്തി. വർണിക്കാൻ സാധ്യമല്ല. അത്രയ്ക്ക് മനോഹരം. ഒന്ന് കുളിക്കണമെന്നുണ്ടായിരുന്നു. അതിനായ് വെള്ളച്ചാട്ടത്തിനു താഴെയുള്ള കയത്തിൽ എത്താനുള്ള വഴികൾ തിരഞ്ഞെങ്കിലും കണ്ടില്ല. കഴിഞ്ഞ രാത്രികളിൽ പെയ്ത മഴയിൽ കടപുഴകി വീണ ഒരു വന്മരം ഞങ്ങൾക്ക് മുൻപിൽ ഒരു തടസ്സമായി നിന്നു. എങ്കിലും നിരാശപെട്ടില്ല. ഇത്രയും അടുത്തെത്തിയല്ലൊ. ആ പ്രദേശത്തിന്റെ ഭംഗി മുഴുവനും ഞങ്ങൾ ആവോളം ആസ്വദിച്ചു.

വഴി: NH 47ൽ വടക്കഞ്ചേരിയിൽ നിന്നും 14.5 കി.മീ. മുടപ്പല്ലൂർ-വണ്ടാഴി വഴിയോ, കിഴക്കഞ്ചേരി-ഇളവമ്പാടം-ചിറ്റടി വഴിയോ പോയാൽ മംഗലം ഡാം. അവിടുന്ന് കിഴക്കോട്ട് കടപ്പാറ വഴി ഏകദേശം 20 കി.മീ. ബസ് സൗകര്യം ഉണ്ട്.
Comment Box is loading comments...
*/ -->