നെല്ലിയാമ്പതി യാത്ര എന്നും മനസ്സില്‍ ഒരു മോഹമായിരുന്നു. നെന്മാറ - കൊല്ലങ്കോട് യാത്രക്കിടയില്‍ വെറുതെ വലത്തോട്ടൊന്ന് നോക്കും. അപ്പോള്‍ ദൂരെ മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന ആ മലനിരകള്‍ കാണാം. വര്‍ഷങ്ങളായി പാലക്കാട് വന്നിട്ട്. എന്നിട്ടും സമീപത്തുള്ള നെല്ലിയാമ്പതി എനിക്കന്ന്യം. ഒരിക്കല്‍ കൂട്ടുകാരുമായി യാത്ര പുറപ്പെട്ടു. പക്ഷെ പോത്തുണ്ടി ഡാം കണ്ട് തൃപ്തിപ്പെടാനെ കഴിഞ്ഞുള്ളു കഴിഞ്ഞുള്ളൂ. നെല്ലിയാമ്പതി വീണ്ടും ഒരു മോഹമായി, എനിക്കന്ന്യമായി മനസ്സില്‍ പുതഞ്ഞു തന്നെ കിടന്നു.
നെല്ലിയാമ്പതി അറിയപ്പെടുന്നത് 'പാവങ്ങളുടെ ഊട്ടി' എന്ന പേരിലാണ്. തമിഴ്നാട്ടില്‍ നിന്നും തെക്കന്‍ കേരളത്തില്‍ നിന്നും കുടിയേറി വന്ന ഒരു ചെറിയ ജനസമൂഹം ആണ് നെല്ലിയാമ്പതിയെ ചായയും, കാപ്പിയും, ഓറഞ്ചും വിളയുന്ന ഒരു സ്ഥലമാക്കിയത്. എല്ലാവരും ഇവിടുത്തെ എസ്റ്റേറ്റ് തൊഴിലാളികള്‍. ചന്ദ്രാന്മല എസ്റ്റേറ്റും രാമവര്‍മ എസ്റ്റേറ്റും സീതാര്‍കുണ്ട് എസ്റ്റേറ്റും റാണിമേട് എസ്റ്റേറ്റും മണലാരൂ എസ്റ്റേറ്റും എല്ലാം ഈ തൊഴിലാളികള്‍ക്ക് അന്നം നല്‍കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
സമുദ്രനിരപ്പില്‍ നിന്നും 467 m മുതല്‍ 1572 m ഉയരത്തിലാണ് നെല്ലിയാമ്പതി സ്ഥിതി ചെയ്യുന്നത്. ഉഷ്ണകാലത്ത് 20 മുതല്‍ 35 ഡിഗ്രിയും ശീതകാലത്ത് 16 മുതല്‍ 28 ഡിഗ്രിയും ആണ് കാലാവസ്ഥ. ഏറ്റവും സമീപത്തുള്ള ടൗണ്‍ നെന്മാറ ആണ്. നെന്മാറയില്‍ നിന്നും 30 കിലോമീറ്ററോളം അകലെയാണ് ഈ ഗ്രീഷ്മഭൂമി.
എന്റെ സ്വപ്നത്തിനു അന്ത്യം കുറിക്കാന്‍ തീരുമാനിച്ചത് പെട്ടന്നായിരുന്നു. അനീഷിനെ വിളിച്ചു യാത്ര ഏര്‍പ്പാടാക്കി പിറ്റേന്ന് തന്നെ പുറപ്പെട്ടു. 100 രൂപയ്ക്കു പെട്രോളും അടിച്ചു എന്റെ ബൈക്കില്‍ യാത്ര തുടങ്ങി. നെന്മാറയില്‍ നിന്നും പൊള്ളാച്ചി റോഡ് വിട്ട് വലത്തോട്ടു തിരിഞ്ഞ് നെല്ലിക്കുളങ്ങര ദേവിയെയും തൊഴുതു യാത്ര തുടര്‍ന്നു.
കണ്ണാടി പോലുള്ള പാത. 9 കിലോമീറ്റര്‍ സഞ്ചരിച്ചു പോത്തുണ്ടി ഡാം എത്തി. ഇനി അങ്ങോട്ട് സര്‍ക്കാര്‍ സംരക്ഷണ മേഖലയാണ്. ഒരു ചെക്ക്‌പോസ്റ്റ് ഉണ്ട്. പേരും വണ്ടി നമ്പറും എഴുതി കൊടുത്ത് വേണം ഇനിയുള്ള യാത്ര. പക്ഷെ ബൈക്കുകള്‍ക്ക് ആ ബുദ്ധിമുട്ട് ഇല്ല. അവര്‍ക്ക് നേരെ കയറി പോകാം.
ഇനിയുള്ള 17 കിലോമീറ്റര്‍ യാത്ര സാഹസികവും രസകരവുമാണ്. ഹെയര്‍ പിന്‍ വളവുകളാല്‍ സമ്പുഷ്ടം. തേക്കിന്‍ കാടുകള്‍ക്ക് നടുവിലൂടെ വളഞ്ഞും തിരിഞ്ഞും ഉള്ള യാത്ര. താഴെ പോത്തുണ്ടി ഡാമിന്റെ ദൃശ്യ ഭംഗി കൂടി വരുന്നു. അല്‍പ്പം കൂടി മുകളിലേക്ക് ചെന്ന്‍ ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് നോക്കിയാല്‍ ഡാമിന്റെ രൂപം ഒരു ചിത്രശലഭത്തെപ്പോലെ കാണാന്‍ കഴിയും. അതിമനോഹരമായ കാഴ്ചകളും കണ്ട് യാത്ര തുടര്‍ന്നു.
മുകളിലേക്ക് കയറും തോറും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങും. സസ്യസമ്പത്ത് നിറഞ്ഞ നിബിഡ വനം. അങ്ങിങ്ങായി പല തരത്തിലുള്ള ജന്തുവര്‍ഗ്ഗങ്ങളുടെ ശബ്ദങ്ങള്‍, നീര്‍ച്ചാലുകള്‍, മലമുകളില്‍ നിന്നും ഒഴികിയിറങ്ങുന്ന ചെറു അരുവികള്‍. മിക്ക ഭാഗത്തും റോഡ് ഇടുങ്ങിയതാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നേരെ താഴേക്കാണ്. കഴിഞ്ഞ വര്‍ഷം മല ഇടിഞ്ഞതിനു ശേഷം ആ ഭാഗം ഇപ്പോള്‍ അതിമനോഹരമായ മറ്റൊരു ദൃശ്യമാണ് സമ്മാനിക്കുന്നത്. പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മനോഹരം. വിസ്മയത്തോടു കൂടി മാത്രമേ ആ പ്രദേശം കാണുവാന്‍ കഴിയുള്ളൂ.
ഏതാനും കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ ഒരു ചെറിയ ജനവാസ കേന്ദ്രം എത്തും - ചെറുനെല്ലി. വീണ്ടും യാത്ര. വഴിയില്‍ പല ഇടങ്ങളിലായി വാനരന്മാരും മലയണ്ണാന്മാരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നത് കാണാം.
യാത്രക്കിടയില്‍ മൂന്നു ഹില്‍ പോയിന്റുകള്‍ ഉണ്ട്. അവിടെ നിന്ന് നോക്കിയാല്‍ പോത്തുണ്ടി ഡാം അടക്കം ചുറ്റുമുള്ള ദൃശ്യങ്ങള്‍ അതിമനോഹരമായി കാണാന്‍ കഴിയും. അതില്‍ രണ്ടാമത്തെ പോയിന്റില്‍ നിന്നുമുള്ള കാഴ്ചയാണ് വിശേഷം. ഒരു ഫുട്ബോള്‍ ഗ്രൂണ്ടിനുള്ള വീതിയുണ്ട് അതിനു മുന്നിലെ റോഡിന്. അവിടെ നിന്നാല്‍ പോത്തുണ്ടിയും ഏറിപ്പോയാല്‍ നെന്മാറ വരെയും കാണാം. മഞ്ഞു മൂടിക്കിടന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമാവില്ല. തെളിഞ്ഞ കാലാവസ്ഥ ആണെങ്കില്‍ പിന്നെ പരമ സുഖം.
വളവും തിരിവും പിന്നിട്ടു ഒടുവില്‍ നെല്ലിയാമ്പതിയിലെ ആദ്യത്തെ കവല എത്തും - കൈകാട്ടി. പോത്തുണ്ടിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരം ഇപ്പോള്‍ പിന്നിട്ടു. അവിടെ നിന്നും നേരെയും വലത്തോട്ടും വഴികളുണ്ട്. നേരെ പോയാല്‍ കാപ്പിത്തോട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, ഓറഞ്ചു ഫാം, രാമവര്‍മ എസ്റ്റേറ്റ് സീതാര്‍കുണ്ട് എസ്റ്റേറ്റ്, റാണിമേട് എസ്റ്റേറ്റ്, ചന്ദ്രാന്മല എസ്റ്റേറ്റ്, സീതാര്‍കുണ്ട് വ്യൂ പോയിന്റ്, വെള്ളച്ചാട്ടം, മാന്‍പാറ തുടങ്ങിയവ. വലത്തോട്ട് പോയാല്‍ കേശവന്‍പാറ, AVT ചായ ഫാക്ടറി ഉള്‍പെട്ട മണലാരൂ എസ്റ്റേറ്റ്, പടഗിരി തുടങ്ങിയവ. ഞങ്ങള്‍ ആദ്യം നേരെ വെച്ചുപിടിച്ചു.