കുളിരണിഞ്ഞ് നെല്ലിയാമ്പതിയിലേക്ക്...

അതും ഒരല്‍പം വിഷമം പിടിച്ച റോഡ്‌ തന്നെ. ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡ്‌ ആണെങ്കിലും നല്ല രസമുണ്ട് ആവഴിയുള്ള യാത്ര. അതിലൂടെ ഒരു KSRTC ബസ്സ്‌ പാഞ്ഞു വരുന്നത് കണ്ട് ഇറങ്ങി നിന്ന് ആ ഡ്രൈവറെ ഒന്ന്‍ തൊഴുതു. പോകുന്ന വഴി ആണ് നെല്ലിയാമ്പതിയില്‍ കാണുന്ന ആദ്യത്തെ ടൂറിസ്റ്റ് റിസോര്‍ട്ട് - ITL ഹോളിഡേ റിസോര്‍ട്ട്. ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ നെല്ലിയാമ്പതിയിലെ പ്രധാന കവലയായ പുലയമ്പാറയില്‍ എത്തി. അവിടെയും ഉണ്ട് നേരെയും വലത്തോട്ടും ഉള്ള വഴികള്‍. നേരെ പോയാല്‍ തേയിലത്തോട്ടങ്ങളും, സീതാര്‍കുണ്ട് വ്യൂ പോയിന്റും വെള്ളച്ചാട്ടവും ഉള്‍പ്പെട്ട സീതാര്‍കുണ്ട് എസ്റ്റേറ്റ്‌. വലത്തോട്ട് പോയാല്‍ ചന്ദ്രാന്മല എസ്റ്റേറ്റ്‌, റാണിമേട് എസ്റ്റേറ്റ്‌, പടഗിരി, മാന്‍പാറ തുടങ്ങിയവ. വീണ്ടും നേരെ.

റോഡ്‌ അല്പം മോശമാണ് ഇവിടം മുതല്‍. ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററും കടന്ന്‍ ഓറഞ്ച് തോട്ടങ്ങളുടെ വശത്ത് കൂടി ഇലക്ട്രിസിറ്റി ഓഫീസും പിന്നിട്ട് ഞങ്ങള്‍ നീങ്ങി. തേയിലത്തോട്ടങ്ങളുടെ നടുവിലൂടെ ഒരു യാത്ര. ചെറിയ ഇടുങ്ങിയ വഴി. ഏകദേശം രണ്ട് കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ സീതാര്‍കുണ്ട് എസ്റ്റേറ്റിന്റെ പ്രവേശന കവാടത്തില്‍ എത്തി. ഏതാണ്ട് ഒരു ചെക്ക് പോസ്റ്റ്‌ പോലെയാണ്. ഒരു ഉത്തരേന്ത്യക്കാരനാണ് കാവല്‍ക്കാരന്‍. അവിടെ ഇറങ്ങി അവിടുള്ള ബുക്കില്‍ പേരും വണ്ടി നമ്പരും സ്ഥലവും ഫോണ്‍ നമ്പരും എഴുതി കഴിഞ്ഞാല്‍ പിന്നെ നമുക്ക് മുന്നില്‍ ആ വഴി തുറന്നു കിട്ടും.

ഇനി അങ്ങോട്ട്‌ ഒരു വല്ലാത്ത വഴി തന്നെ. കുണ്ടും കുഴിയും. ഒരു കുഴിയില്‍ നിന്ന്‍ വെട്ടിച്ചാല്‍ ചാടുന്നത് അടുത്ത കുഴിയില്‍. ചുറ്റും കാപ്പി തോട്ടങ്ങള്‍ ആണ്. വഴിയുടെ ഇരുവശവും ഇളം പച്ച നിറമുള്ള ഇലകളുള്ള ചെടികള്‍. വീണ്ടും ഏകദേശം രണ്ടു കിലോമീറ്റര്‍ നീങ്ങിയാല്‍ ഇടത്തോട്ട് തിരിഞ്ഞു പോകണം. വണ്‍ വേ ആണ്. ഇടുങ്ങിയ വഴി എങ്കിലും ഇരുവശത്തുമുള്ള ചെടികള്‍ ആ വഴിക്ക് ഭംഗി കൂട്ടുന്നു. ഒടുവില്‍ സീതാര്‍കുണ്ട് പാര്‍ക്കിംഗ്  ഏരിയയില്‍ എത്തി. പാര്‍ക്കിംഗിന് പൈസ കൊടുക്കണം. ബൈക്കിനു ₹5, കാറിനു ₹10 അങ്ങനങ്ങനെ.

വീണ്ടും ഒരല്‍പ ദൂരം കൂടി. ഇരുവശത്തും തേയിലത്തോട്ടങ്ങള്‍ നീണ്ടു കിടക്കുന്നു. എന്താണ് ഇനി മുന്നില്‍ എന്ന് അറിയില്ല. നടന്നു. ഒടുവില്‍ എത്തി. അറിയാതെ ഉള്ളില്‍ നിന്നും ഒരു നിലവിളി പുറത്തെത്തി. ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് ലോകത്തിനു നെറുകയിലോ എന്ന്‍ പോലും തോന്നി പോയി. മുന്നില്‍ ഭൂമി വിശാലമായി പരന്നു കിടക്കുന്നു. അതെ കൊല്ലങ്കോട്‌ ഗ്രാമം ആണ് മുന്നില്‍, എനിക്ക് വളരെ താഴത്തായി പരന്നു കിടക്കുന്നത്. പാടങ്ങളും, കുളങ്ങളും, വീടുകളും പിന്നെ അങ്ങ് ദൂരെ ചുള്ളിയാര്‍ ഡാമും മീങ്കര ഡാമും എല്ലാം കണ്ണുകള്‍ക്ക് ഒരു ദൃശ്യവിരുന്നാണ് നല്‍കുന്നത്.

ഒരുപാട് വാനരന്മാര്‍ ഇവിടെ ഉണ്ട്. നമ്മുടെ കയ്യില്‍ ഒരു പൊതി കണ്ടാല്‍ പിന്നെ അത് തട്ടിപ്പറിച്ചില്ലെങ്കില്‍ അവര്‍ക്ക് ഒരു സമാധാനവും ഇല്ല. എല്ലാവരും ഇല്ല. ചില വികൃതികള്‍ മാത്രം. എങ്കിലും ഉപദ്രവകാരികള്‍ അല്ല. അവരുടെ കളികള്‍ കണ്ട് ആ മലയുടെ വശത്ത് കൂടി താഴത്തെ കാഴ്ചകളും കണ്ട് കുറച്ച നടന്നാല്‍ വെള്ളച്ചാട്ടത്തില്‍ എത്താം. ആ സ്ഥലത്തിന് സീതാര്‍കുണ്ട് എന്ന് പേര് വരാന്‍ കാരണം പണ്ട് വനവാസക്കാലത്ത് രാമനും സീതയും ലക്ഷ്മണനുമോത്ത് ഇവിടെ എത്തി. ഇവിടെ അല്‍പ്പകാലം താമസിക്കുക ഉണ്ടായതിനാല്‍ ദേവി ഇവിടെ ആയിരുന്നത്രെ സ്നാനം നടത്തിയിരുന്നത്. അങ്ങനെ ആണ് സീത കുളിച്ച സ്ഥലം സീതാര്‍കുണ്ട് ആയത്.

ആദ്യ യാത്രയില്‍ എനിക്ക് വെള്ളച്ചാട്ടത്തില്‍ വരുവാന്‍ സാധിച്ചില്ല. പിറ്റേന്ന് തന്നെ വൈശാഖിന്റെ ഒപ്പം വന്നു ആ ആഗ്രഹം സഫലമാക്കി.നല്ല ഇറക്കമുണ്ട്. മഴ പെയ്തു കിടന്നതിനാല്‍ നല്ല വഴുക്കും. നേര്‍വഴി അല്ല പോയതെന്നതിനാല്‍ കഷ്ടപ്പെട്ട് ആണ് അവിടെ എത്തിയത്. വെള്ളം വന്നു തുടങ്ങുന്നതെ ഉള്ളു. മഴക്കാലം തുടങ്ങി. ഇനി മഴ തകര്‍ത്തു പെയ്യുന്തോറും വെള്ളച്ചാട്ടത്തിന്റെ ശക്തിയും ഒഴുക്കും കൂടും.

(വീണ്ടും ഒരു മഴക്കാലത്ത് ഞാന്‍ ഇവിടെ വന്നു. എന്ത് രസമായിരുന്നു ആ കാഴ്ച. പക്ഷെ ഇതിലും മനോഹരമായ കാഴ്ച ആസ്വദിക്കണമെങ്കില്‍ കൊല്ലങ്കോടിനടുത്ത് "സീതാര്‍കുണ്ട്" എന്ന് തന്നെ
 പേരുള്ള മറ്റൊരു വെള്ളചാട്ടമുണ്ട്. അത് ഇത്രക്ക് പ്രശസ്തമാല്ലാത്തതിനാല്‍ സുഖമായി പോകാം. അധികം തിരക്കുമില്ല. ഒഴുകിയിറങ്ങുന്ന വെള്ളചാട്ടത്തിലൂടെ പാറയില്‍ അള്ളിപ്പിടിച്ചും തെന്നിവീണും ഞാനും സുഹൃത്തുക്കളും കൂടി ഒരിക്കല്‍ ആ വഴി അവസാനിക്കുന്നിടത്തോളം അങ്ങ് മുകളില്‍ വലിഞ്ഞുകയറിയിട്ടുണ്ട്. അതൊക്കെ ഒരു ഓര്‍മ.)

അങ്ങനെ സീതാര്‍കുണ്ടില്‍ വെള്ളം വരുന്ന സമയം മനസ്സില്‍ കുറിച്ച് അവിടെ നിന്നും തിരികെ ബൈക്കിന്റെ അടുത്തേക്ക് മടങ്ങി. ഇനി ഒരു ഊണ്.

പുലയമ്പാറയിൽ നിന്ന് ഊണ് കഴിഞ്ഞ് നേരെ വിട്ടത് കേശവൻ പാറയിലേക്കാണ്. കൈകാട്ടിയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് എകദേശം 2 കി.മീ. നീങ്ങിയാൽ AVT ഫാക്ടറി എത്തും. അതിന്റെ എതിരാണ് കേശവൻ പാറ. അവിടെ പാറയിലേക്കുള്ള വഴിക്ക് മുന്നിൽ ഒരു ചെരു ക്ഷേത്രം ഉണ്ട്. അവിടെ വണ്ടി വെച്ച് നടന്നു. അകത്തേയ്ക്ക് സ്വകാര്യ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. അല്പം ഉള്ളിലേക്ക് നടക്കണം. എങ്കിലെന്താ, അതിമനോഹരമായ പ്രദേശം. മലയുടെ വശത്ത് വിശാലമായൊരു വ്യൂ പോയിന്റ് പോലെ. അങ്ങ് താഴെ കാണാം, ചെറിയൊരു കുളം പോലെ, പോത്തുണ്ടി ഡാം. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ് കണ്ട് അതിശയിച്ചു. കാരണം ഇവിടെ നിന്നപ്പോഴാണ് മനസ്സിലായത്, ഒരു മല അല്ല, പല മലകളിലൂടെ ആണ് ഞങ്ങൾ കയറി വന്നത് എന്ന്. ഇവിടെ നിന്നാൽ അങ്ങ് താഴെ കയറി വരുമ്പോൾ കാണുന്ന മൂന്നാമത്തെ വ്യൂ പോയിന്റ് കാണാം.

കാഴ്ച കണ്ടിരുന്ന് നേരം സന്ധ്യ ആയി. ഇനി മടക്കം. കുളിരുള്ള ഓർമകളുമായി. വീണ്ടും വരും എന്ന ഉറപ്പോടെ.

മടങ്ങും വഴി കൈകാട്ടി മുതൽ ഡാം വരെ വണ്ടി ഓഫ് ചെയ്താണ് വന്നത്. ആകെപ്പാടെ രണ്ട് വട്ടം മാത്രം സ്റ്റാർട്ട് ചെയ്തു.. ഒരു ചെറിയ കയറ്റം കയറാനും പരന്ന ഒരു ഭാഗം കടക്കാനും മാത്രം. ബാക്കി 22 കി.മീ. വണ്ടി ഓഫ് ചെയ്ത് ആണ് വന്നത്. നല്ല ഇറക്കമല്ലേ, വണ്ടി താനെ നീങ്ങിക്കോളും. പിന്നെ കൈ എപ്പോഴും പിടിയിൽ ഉണ്ടായിരിക്കണമെന്നു മാത്രം. വളവുകൾ എത്തുമ്പോൾ തിരിയ്ക്കാനും എതിരെ വരുന്ന വണ്ടിയ്ക്ക് വശം കൊടുക്കാനും. ആവശ്യമുള്ളപ്പോൾ ബ്രേക്കും കൂടി ഒന്ന് അമർത്തിയാൽ മതി. സുഖം. കുളിർ കാറ്റും ഏറ്റു വാങ്ങി പതിയെ മടങ്ങി.


Share on Facebook   Share on Twitter

Comment Box is loading comments...

© All Rights Reserved by SR TecH DeZ 2013
SR TecH DeZ  TouristLink  TripAdvisor